ഹോളുകളുടെ ചാര്‍ജ്ജ് എന്താണ്?
- Pratheesh Puthusseri
- Nov 6, 2018
- 1 min read
ഒരു സിലിക്കണ്‍ ആറ്റത്തെ നോക്കൂ..

ഇതിന്റെ അവസാന ഷെല്ലില്‍ 4 ഇലക്ട്രോണുകളാണ് ഉള്ളത്.നമുക്ക് ഇതിനെ താഴെ കാണും പ്രകാരം സൂചിപ്പിക്കാം.

സഹസംയോജക ബന്ധനത്തില്‍ ഏര്‍പ്പെട്ട സിലിക്കണ്‍ ആറ്റങ്ങളെ ഇങ്ങിനെ സൂചിപ്പിക്കാം.

സിലിക്കണ്‍ ഒരു അര്‍ദ്ധചാലകമാണ്.ഇതിന്റെ ചാലകത വര്‍ദ്ധിപ്പിക്കുന്ന വിധം മറ്റ് മൂലകങ്ങള്‍ ചേര്‍ക്കുന്ന പ്രക്രിയയാണ് ഡോപ്പിംഗ്.P-Type ആയി ഡോപ്പ് ചെയ്യുമ്പോള്‍ ബോറോണ്‍,ഗാലിയം ,ഇന്‍ഡിയം മുതലായവ ചേര്‍ക്കാം.ബോറോണിനെ ഒന്നു നോക്കൂ.

ഇതിന്റെ അവസാനത്തെ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം 3 ആണ്.

സിലിക്കണിനെ ബോറോണ്‍ ഉപയോഗിച്ച് ഡോപ്പ് ചെയ്യുന്നു എന്നിരിക്കട്ടെ.ഒരു സിലിക്കണ്‍ ആറ്റത്തെ ബോറോണ്‍ ആദേശം ചെയ്യുന്നു.

ബോറോണിന്റെ ബാഹ്യതമ ഷെല്ലില്‍ 3 ഇലക്ട്രോണ്‍ മാത്രമാണ് ഉള്ളത്.സിലിക്കണുമായി താരതമ്യം ചെയ്യുമ്പോള്‍ നാലാമത് ഒരു ഇലക്ട്രോണ്‍ ഇല്ലാത്തതിനാല്‍ അവിടെ ഒരു ഒഴിവുണ്ട്.ശരിയല്ലേ?അതിനാല്‍ സിലിക്കണിനെ ബോറോണ്‍ ആദേശം ചെയ്യുമ്പോള്‍ ക്രിസ്റ്റലില്‍ ഒരു ഹോള്‍ (സുഷിരം)രൂപപ്പെട്ടു എന്ന് പറയാം.(അതാണ് ചിത്രത്തില്‍ കറുപ്പു നിറത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.)എന്താണ് ഹോള്‍?ഇലക്ട്രോണിന്റെ അഭാവം മാത്രമാണ് ഹോള്‍...ഈ ഹോള്‍ ഉള്ള സ്ഥാനത്തേക്ക് വരാന്‍ ഇലക്ട്രോണുകള്‍ക്ക് പ്രവണത ഉണ്ടാകും.ഇലക്ട്രോണുകളെ ഇങ്ങനെ "ആകര്‍ഷിക്കാന്‍” കഴിവുള്ളത് കൊണ്ട് ഹോളുകള്‍ക്ക് പോസിറ്റീവ് ചാര്‍ജ്ജുള്ളതായി കണക്കാക്കുന്നു.ഒരു ഹോളുള്ള സ്ഥാനത്തേക്ക് ഒരു ഇലക്ട്രോണ്‍ വരുമ്പോള്‍ എന്ത് സംഭവിക്കുന്നു?ചിത്രം നോക്കൂ....

പുതിയ ഒരു ഹോള്‍ ഉണ്ടായി.അല്ലെങ്കില്‍ ആദ്യ ഹോള്‍ മറ്റൊരു സ്ഥാനത്തേക്ക് നീങ്ങി എന്നു പറയാം.(ഇലക്ട്രോണാണ് നീങ്ങുന്നതെങ്കിലും!.....)

ഇലക്ടോണുകളുടെ സ്ഥാനമാറ്റം ഹോളുകളുടെ (പോസിറ്റീവ് ചാര്‍ജ്ജുകളുടെ)ചലനമായി കണക്കാക്കാം.ഇലക്ടോണുകള്‍ ചലിക്കുന്നതിന് എതിര്‍ദിശയില്‍ ഹോളുകള്‍ ചലിക്കുന്നതായി തോന്നുന്നു.

Comments